12:58am 20 November 2026
NEWS
ദേവരകൊണ്ടയ്ക്ക് എതിരാളിയായി ജോജു? ‘റൗഡി ജനാർദ്ദന’യിൽ വില്ലൻ വേഷത്തിലേക്ക് ക്ഷണം
18/11/2026  08:10 AM IST
സുരേഷ് വണ്ടന്നൂർ
ദേവരകൊണ്ടയ്ക്ക് എതിരാളിയായി ജോജു? ‘റൗഡി ജനാർദ്ദന’യിൽ വില്ലൻ വേഷത്തിലേക്ക് ക്ഷണം

 

 


വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രം ‘റൗഡി ജനാർദ്ദന’യിൽ പ്രതിനായക വേഷത്തിലേക്ക് മലയാളത്തിന്റെ ജോജു ജോർജിന് ക്ഷണം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രമാണ് ജോജുവിനായി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, ചിത്രത്തിൽ അഭിനയിക്കുന്ന കാര്യത്തിൽ താരം ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല.
വിജയ് സേതുപതി, എസ്.ജെ. സൂര്യ എന്നിവരെ ഈ വേഷത്തിലേക്ക് നേരത്തേ പരിഗണിച്ചിരുന്നെങ്കിലും പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ ധാരണയിലെത്തിയില്ലെന്നാണ് വിവരം. തുടർന്നാണ് ജോജുവിനെ സമീപിച്ചത്. 2023ൽ പുറത്തിറങ്ങിയ ‘ആദികേശവ’യിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ജോജുവിന് മറ്റൊരു ശ്രദ്ധേയ അവസരമാകുമിത്.
‘റൗഡി ജനാർദ്ദന’യിൽ കീർത്തി സുരേഷാണ് നായിക. വിജയ് ദേവരകൊണ്ടയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘രാജാ വാരു റാണി ഗാരു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രവി കിരൺ കോലയാണ് സംവിധാനം.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളിയായ ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും അജ്നീഷ് ലോക്നാഥ് സംഗീതസംവിധാനവും നിർവഹിക്കുന്നു.
അതേസമയം, ജോജു ജോർജ് നായകനും സംവിധായകനും തിരക്കഥാകൃത്തുമായി എത്തുന്ന ‘പണി’യുടെ റിലീസിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഡിസംബർ ആദ്യവാരം നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് മാറ്റിയെന്നാണ് റിപ്പോർട്ട്. ജോജുവിനൊപ്പം പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. സൈജു കുറുപ്പും വിനീത് തട്ടിലും അതിഥിവേഷങ്ങളിലെത്തുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img